ചെന്നൈ: വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടേറെപേര്‍ മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലായി ടിവികെ. സംഭവത്തില്‍ വിജയ്‌ക്കെതിരെയും വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും കോണ്‍ഗ്രസും രംഗത്തെത്തി. ദുരന്തത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ വിജയ് നഗരം വിട്ടതും വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. എന്നാല്‍ വൈകാതെ എക്സിലൂടെ വിജയ് പ്രതികരിച്ചു. തന്‍റെ ഹൃദയം തകര്‍ന്നുവെന്നായിരുന്നു വിജയുടെ പ്രതികരണം. ആരേയും കുറ്റപ്പെടുത്താനോ, സംഭവത്തെ കുറിച്ച് വിശദീകരിക്കാനോ തയ്യാറാകാതെ സംഭവത്തിലുള്ള തന്‍റെ ദുഃഖം രേഖപ്പെടുത്തുക മാത്രമാണ് വിജയ് ചെയ്തത്.
മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറികടന്നാണ് ടിവികെ റാലി നടത്തിയത്. ഇത്തരം റാലികള്‍ക്കിടയില്‍ അനിഷ്ട സംഭവമുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് ഒരാഴ്ചയ്ക്ക് മുന്‍പാണ് കോടതി ചോദിച്ചത്.തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തില്‍ ഒരാള്‍ കുഴഞ്ഞുവീണ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതി അന്ന് ആശങ്ക ഉന്നയിച്ചത്. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ അത് നിയന്ത്രിക്കേണ്ടത് നേതാവാണെന്നും അന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ അപകടമുണ്ടായതിന് പിന്നാലെ ചാര്‍ട്ടേഡ് വിമാനത്തില്‍ കയറി വിജയ് നഗരം വിട്ടതോടെ ഇതിനെതിരെ വിജയ് ഒരു നേതാവാണോ എന്ന തരത്തിലാണ് ചോദ്യം ഉയരുന്നത്. വിജയ് ഒളിച്ചിരിക്കുകയാണോ എന്ന് ഡിഎംകെ ചോദിച്ചു. ദുരന്തത്തിന് കാരണം വിജയ് ആണെന്ന് അണ്ണാദുരൈയും ആരോപിച്ചു.
അതേസമയം, വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടു. വിജയ്‌യെ അറസ്റ്റുചെയ്യണമെന്ന് കോണ്‍ഗ്രസും ഡിഎംകെയും ആവശ്യപ്പെട്ടു. ദുരന്തത്തെ തുടര്‍ന്ന് ചെന്നൈയിലേക്ക് പോയ നടനെ ഇന്നോ നാളെയോ അറസ്റ്റുണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്. എന്തായാലും സംഭവത്തില്‍ വിജയ്‌ക്കെതിരെ പൊലീസ് കേസെടുക്കും.
പതിനായിരം പേര്‍ പങ്കെടുക്കുന്ന റാലിയാണ് എന്ന് പറഞ്ഞാണ് ടിവികെ റാലി നടത്താന്‍ പൊലീസ് അനുമതി തേടിയത്. എന്നാല്‍ രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം തമിഴ്‌നാട്ടുകാര്‍ക്ക് ചലച്ചിത്ര താരമാണ് വിജയ്. അദ്ദേഹത്തെ കാണാനായി പ്രതീക്ഷിച്ചതിലധികം ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. കുട്ടികളെ കൊണ്ടുവരരുതെന്ന നിര്‍ദേശങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ജനക്കൂട്ടം ഒഴുകിയെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആറുമണിക്കൂറോളം വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.റോഡിന്റെ ഇരുവശത്തുമായി ഇത്രയും സമയം കടുത്ത ചൂടിലും ജനങ്ങള്‍ വിജയ്‌യെ കാണാന്‍ കാത്തുനിന്നു. തന്റെ പ്രസംഗത്തിനിടയില്‍ നിര്‍ജലീകരണം കാരണം ഒരാള്‍ കുഴഞ്ഞുവീഴുന്നത് കണ്ട് വിജയ് ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പി എറിഞ്ഞുകൊടുത്തെന്നും ഈ വെള്ളക്കുപ്പി കരസ്ഥമാക്കാനായുള്ള ശ്രമത്തിനിടയില്‍ തിക്കും തിരക്കും വര്‍ധിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
