നിമിഷപ്രിയയുടെ മോചനം: മാധ്യമങ്ങളെയും കാന്തപുരത്തെയും വിലക്കണമെന്ന ആവശ്യം തള്ളി, കെ എ പോള്‍ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചന ശ്രമത്തില്‍ ഇടപെടുന്നതില്‍ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന ഹര്‍ജി പിന്‍വലിച്ച് കെ എ പോള്‍. ഹര്‍ജി തള്ളുമെന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ കെ എ പോള്‍ തീരുമാനിച്ചത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനില്ലെന്നായിരുന്നു സുപ്രീംകോടതി കെ എ പോളിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം. നിമിഷപ്രിയയുടെ മോചനശ്രമങ്ങള്‍ക്കായി ഇടപെടുന്നതില്‍ നിന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാരെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന കെ എ പോളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. കേന്ദ്രവുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന കെ എ പോളിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. നിമിഷപ്രിയയുടെ മോചനശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊള്ളുമെന്നും പ്രശസ്തിക്ക് വേണ്ടിയാണോ ഹര്‍ജിയെന്നും കെ എ പോളിനോട് സുപ്രീംകോടതി ചോദിച്ചു.

നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നായിരുന്നു കെ എ പോളിന്റെ വാദം. മാധ്യമങ്ങളോട് കൃത്യമായി വിശദീകരിക്കുന്നുണ്ടെന്നും സുപ്രീംകോടതി തര്‍ക്ക വേദിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. മാധ്യമങ്ങളെ വിലക്കണമെന്ന കെ എ പോളിന്റെ ആവശ്യം നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചു.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പാണെന്ന് കേന്ദ്രം സംശയം പ്രകടിപ്പിച്ചിരുന്നു. നിമിഷപ്രിയക്ക് വേണ്ടി കുടുംബവുമായി ചർച്ച ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന കെ എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിൽ കേന്ദ്രം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങൾ വഴി കോടികളുടെ പണപ്പിരിവിനാണ് ഇവർ ശ്രമിക്കുന്നത്. ഇത്തരം പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചന നീക്കം തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് തുടരുന്നതെന്നാണ് വിവരം. കേന്ദ്ര സർക്കാരിന് മാത്രമെ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പടെയുള്ളവർ വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം