കൊപ്പം: കേരള പൊലീസിനെ ജനസൗഹൃദമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനും ജനസൗഹൃദപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാലക്കാട് ജില്ലയിലെ കൊപ്പം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതോടൊപ്പം ഒറ്റപ്പാലം പൊലീസ് ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് കോമ്പൗണ്ടില്‍ പുതിയതായി നിര്‍മ്മിച്ച യു.എസ്.ക്യൂ ക്വാര്‍ട്ടേഴ്‌സ്, ചിറ്റൂർ പൊലീസ് സ്റ്റേഷൻ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
കൊപ്പം പൊലീസ് സ്റ്റേഷൻ കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ഷാബിറ ടീച്ചർ, കമ്മുക്കുട്ടി എടത്തോൾ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ഉണ്ണികൃഷ്ണൻ (കൊപ്പം), അസീസ് (തിരുവേഗപ്പുറ) ബേബി ഗിരിജ (വിളയൂർ), ഷൊർണൂർ ഡി.വൈ.എസ്.പി മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.