തൃത്താല: 20 ദിവസത്തിനിടെ തൃത്താല നിയോജക മണ്ഡലത്തിൽ നായയുടെ കടിയേറ്റത് പത്തിലധികം പേർക്ക്. തൃത്താല ഞാങ്ങാട്ടിരിയിൽ വയോധികരുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റിരുന്നു. ഈ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
തൃത്താല കപ്പൂരിൽ 3 വയസുകാരൻ ഉൾപ്പടെ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കപ്പൂർ പഞ്ചായത്തിൽ കല്ലടത്തൂർ സ്വദേശികളായ സതി, നെടിയേടത്ത് വീട്ടിൽ ലീല, 3 വയസ്സുകാരൻ ഐബൽ എന്നിവർക്കും പട്ടിത്തറ സ്വദേശികളായ 2 പേർക്കുമാണ് കടിയേറ്റത്. ഇവരെ ചാലിശ്ശേരി, പട്ടാമ്പി ആശുപത്രികളിൽ പ്രാഥമിക ചികിത്സക്കു ശേഷം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഈ നായക്ക് പേവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് സംശയം.