പാലക്കാട്: ചിറ്റൂർ പുഴയിലെ ഷണ്‍മുഖം കോസ് വേയിൽ ഓവ്ചാലിനുള്ളിൽ അകപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കോയമ്പത്തൂരിലെ കോളജില്‍ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ ശ്രീഗൗതം, അരുൺ കുമാര്‍ എന്നിവരാണ് മരിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുണിനെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് പുറത്തെടുക്കാനായത്.
കോയമ്പത്തൂരിൽ നിന്നെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിലെ യുവാക്കളാണ് അപകടത്തിൽപെട്ടത്. പ്രദേശത്തെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവർ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു . ശ്രീഗൗതം രാമേശ്വരം സ്വദേശിയാണ്. നെയ് വേലി സ്വദേശിയാണ് അരുൺ. സ്‌കൂബ സംഘം, ഫയർ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.