വന്യജീവി ആക്രമണം: ചികിത്സാസഹായവും നഷട്പരിഹാര തുകയും വര്‍ധിപ്പിക്കും- മന്ത്രി എ.കെ ശശീന്ദ്രന്‍

 
വന്യജീവികളുടെ ആക്രമണത്തില്‍ കൃഷിനാശവും ജീവാപായവും സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുകയും ചികിത്സാ സഹായവും കാലോചിതമായി വര്‍ദ്ധിപ്പിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തുക വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷി വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തി പ്രപ്പോസല്‍ തയ്യാറാക്കി നിര്‍ദ്ദേശങ്ങള്‍ ഉടന്‍തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. നെന്മാറയിലെ നെല്ലിയാമ്പതി ഫ്‌ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസ് കോംപ്ലക്സ് പരിസരത്ത് നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വനനിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷക സമൂഹത്തിന് പ്രയോജനകരമായ നിയമഭേദഗതികള്‍ അടുത്ത നിയമസഭാ സമ്മേളനത്തിലുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ വനനിയമമനുസരിച്ച് ചന്ദനമരം മുറിക്കുന്നതിനും കൈവശം വെക്കുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. 1980-ലെ കേരള വനനിയമത്തില്‍, വനങ്ങളില്‍ മാത്രമല്ല, സ്വകാര്യ ഭൂമിയിലുള്ള ചന്ദനമരങ്ങളുടെ ഉടമസ്ഥാവകാശവും സര്‍ക്കാരിനാണ്. ഇതുകാരണം, കര്‍ഷകര്‍ക്ക് സ്വന്തം പറമ്പില്‍ ചന്ദനമരം വളര്‍ന്നാല്‍ പോലും അത് മുറിക്കാന്‍ അനുവാദമില്ല. ആരെങ്കിലും അനധികൃതമായി മുറിച്ചാല്‍ ഉടമസ്ഥര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യും. ഈ നിലവിലുള്ള നിയമങ്ങള്‍, ചന്ദനമരം കൃഷി ചെയ്യുന്നതില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കുന്നു. ഇത് മനസ്സിലാക്കി, ചന്ദനം കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാനും സഹായിക്കുന്ന തരത്തില്‍ 1980-ലെ കേരള വനനിയമത്തില്‍ ഭേദഗതി വരുത്തി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ നിയമഭേദഗതി നിലവില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ചന്ദന കൃഷി ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ഗുരുതരമല്ലാത്ത വനനിയമ ലംഘനങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ (കോമ്പൗണ്ടിങ് ചെയ്യാന്‍) വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ 1961 ലെ കേരള വനം നിയമം ഭേദഗതി ചെയ്യും. ഈ ബില്ലും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. കോമ്പൗണ്ടിങ് ഫീസ് ചുമത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ നിയമഭേദഗതി വരുത്തുന്നതിലൂടെ കോടതികളുടെ ജോലിഭാരം കുറയ്ക്കാനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും സാധിക്കും.

1972-ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മൃഗങ്ങളെ വേട്ടയാടുന്നതും അവയെ ഉപദ്രവിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. നാലു വര്‍ഷമായി ഇതില്‍ നിയമഭേദഗതിക്ക് ശ്രമിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല. വന്യജീവി സംരക്ഷണ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താം. സംസ്ഥാനത്തിനുള്ള അവകാശം ഉപയോഗിച്ച് ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബില്ലിന്റെ കരട് തയ്യാറാക്കി ഇതിനകം നിയമവകുപ്പിന്റെ പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്, ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ചര്‍ച്ച നടത്തി, നിലവിലെ നിയമം അനുവദിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് ഒരു സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം