'കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന'; വി ഡി സതീശന്‍

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ക്രൈസ്തവ വേട്ട തുടരുമ്പോഴും കേരളത്തിലെ ബിജെപി നേതൃത്വം രാഷ്ട്രീയ നാടകം കളിക്കുന്നത് അപഹാസ്യമെന്നും നീതിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ഗൂഢതന്ത്രം വ്യക്തമാക്കുന്ന സംഭവങ്ങളാണ് ബിലാസ്പുരി എന്‍.ഐ.എ കേടതിയില്‍ നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി എം.പിമാര്‍ക്കും സഭാനേതൃത്വത്തിനും നല്‍കി ഉറപ്പിന് വിരുദ്ധമായാണ് ജാമ്യ ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തത്. സര്‍ക്കാര്‍ അഭിഭാഷകനെ കൂടാതെ ബജ്‌റംഗ്ദളിനെ പ്രതിനിധീകരിച്ച് ഹാജരായ പത്തിലധികം അഭിഭാഷകര്‍ കോടതിലെത്തി. അതും സംഘ്പരിവാര്‍ തിരക്കഥയുടെ ഭാഗമായാണെന്നു വേണം കരുതാന്‍. കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിനു പിന്നാലെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി കേസ് നിയമ വിരുദ്ധമായി എന്‍.ഐ.എയ്ക്ക് കൈമാറിയതിനു പിന്നിലും ഗൂഡാലോചനയുണ്ട് – പ്രസ്താവനയില്‍ പറയുന്നു.

അറസ്റ്റ് തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും രാഷ്ട്രീയം കളിക്കരുതെന്നും കേരളത്തിലെ ബിജെപി നേതൃത്വം പറഞ്ഞതിനു പിന്നാലെയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഉടനീളം ക്രൈസ്തവവേട്ട തുടരുമ്പോഴും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തിലെ ബിജെപി നേതൃത്വം രാഷ്ട്രീയ നാടകം കളിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് മതത്തിന്റെ പേരില്‍ നിരപരാധികളെ ജയിലില്‍ അടയ്ക്കുന്ന സംഘപരിവാര്‍ ശക്തികളുടെ രാഷ്ട്രീയം അംഗീകരിക്കാനാകില്ല. അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യുഡിഎഫും എല്ലാ പിന്തുണയും നല്‍കും – അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം