ഇത് മെസി വരില്ലെന്ന് ആഘോഷിച്ചവർക്കും കൂറ്റനാട് ഒബാമ വരുമെന്ന് പരിഹസിച്ചവർക്കും സമർപ്പിക്കുന്നു: എംബി രാജേഷ്

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക് എത്തുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. മെസി വരില്ലെന്ന് ആഘോഷിച്ചവര്‍ക്കും കൂറ്റനാട് ഒബാമ വരുമെന്ന് പരിഹസിച്ചവര്‍ക്കും സമർപ്പിക്കുന്നുവെന്ന് പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി ഷെയർ ചെയ്തു.

മെസി മാത്രമല്ല, ഇനിയും പലരും വരുമെന്നും ഇത് ടീം എല്‍ഡിഎഫാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കായിക മന്ത്രി വി അബ്ദുറഹിമാനും റിപ്പോര്‍ട്ടര്‍ ടിവിക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

2024 സെപ്തംബര്‍ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് തങ്ങള്‍ക്കായി ആര്‍ത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അര്‍ജന്റീനയുടെ ദേശീയ ടീം കേരളത്തിലെത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചതോടെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം