തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് ബോധവല്‍ക്കരണ പ്രോഗ്രാമായ ലീപ് പദ്ധതിയുടെ ഭാഗമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ സജ്ജീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു.
കളക്ടറേറ്റിന്റെ മുന്‍ഭാഗത്തായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലാണ് കണ്‍ട്രോള്‍ യൂണിറ്റ്, മൂന്ന് ബാലറ്റ് യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനവും ഉപയോഗവും പൊതുജനങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കൗണ്ടറിലുണ്ട്. ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സേവനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും.