സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്ന് ദിവസം ഔദ്യോ​ഗിക ദുഃഖാചരണം

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ആദരസൂചകമായി സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും 2025 ജൂലൈ 22 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിക്കുന്നു. നാളെ മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും അറിയിപ്പിൽ പറഞ്ഞു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വി.എസ് ഇന്ന് വൈകീട്ട് 3.20 ഓടെയാണ് മരണപ്പെട്ടത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചക്കുശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൃതദേഹം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദര്‍ശനത്തിനുശേഷം രാത്രിയോടെ തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക്‌ കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും പൊതുദര്‍ശനത്തിന് അവസരമൊരുക്കും. ഉച്ചക്കുശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ല കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ച് പൊതുദര്‍ശനം. ഉച്ചക്കുശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം