കൂറ്റനാട് പട്ടണം കീഴടക്കി തെരുവുനായകൾ; നാട്ടുകാരും വിദ്യാർത്ഥികളും ഭീതിയിൽ

കൂറ്റനാട്: തിരക്കേറിയ കൂറ്റനാട് പട്ടണത്തിലേക്ക് തെരുവുനായകൾ കൂട്ടമായി എത്താൻ തുടങ്ങിയതോടെ നാട്ടുകാരും വിദ്യാർഥികളും കച്ചവടക്കാരും ഭീതിയിൽ. ‌കഴിഞ്ഞദിവസം രാത്രി ന്യൂ ബസാറിൽ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന രണ്ടുപേർക്കുനേരേ തെരുവുനായ കുരച്ചുചാടിയതിനെത്തുടർന്ന് പ്രവാസികളായ രണ്ടുയുവാക്കൾക്കു പരിക്കേറ്റിരുന്നു. രണ്ടുമാസം മുൻപ് നാലശ്ശേരി പഞ്ചായത്തിൽ അകിലാണം, തെക്കേക്കര പ്രദേശത്ത് പന്ത്രണ്ടിലധികംപേരെയാണ് തെരുവുനായ കടിച്ചത്.

രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് നായകളാണ് കൂറ്റനാട് അങ്ങാടിയിലും ബസ് സ്റ്റോപ്പിലും പീടികത്തിണ്ണകളിലും അലയുന്നത്. ആദ്യകാലങ്ങളിൽ, ഒഴിഞ്ഞുകിടക്കുന്ന കൂറ്റനാട് ബസ് സ്റ്റാൻഡിനുള്ളിൽ മാത്രമാണ് വലിയശല്യം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ കൂറ്റനാട്ടെ എല്ലാ തെരുവോരങ്ങളിലും നായകളുണ്ട്. വട്ടേനാട് സ്കൂൾ മൈതാനം, ജിഎൽപി സ്കൂൾ വരാന്ത, കല്യാണമണ്ഡപങ്ങൾ, ഹോട്ടലുകൾ, മത്സ്യ, മാംസക്കച്ചവടകേന്ദ്രങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന പീടികകൾക്കു മുൻഭാഗം തുടങ്ങി നഗരത്തിന്റെ ഏതുഭാഗത്തുചെന്നാലും തെരുവുനായകളെ ഭയക്കേണ്ട സ്ഥിതിയാണ്.

സ്കൂൾ വിദ്യാർഥികൾക്ക് നായകളെ ഭയന്നുവേണം സ്കൂളിലേക്കെത്താനെന്നും അതിരാവിലെ പീടികമുറികൾ തുറക്കാൻ എത്തുന്നവർ തെരുവുനായകളെ കൂട്ടത്തോടെ ഓടിച്ചിട്ടുവേണം കടകൾ തുറക്കാനെന്നും കൂറ്റനാട്ടെ വ്യാപാരിയും വട്ടേനാട് ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റുമായ കെ.പി. സിദ്ദീഖ് പറയുന്നു. കൂട്ടത്തോടെവരുന്ന നായകൾ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്. പുലർച്ചെ മദ്രസയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവരും കൂറ്റനാട് സെന്ററിൽ പ്രഭാതസവാരിക്ക് ഇറങ്ങുന്നവരും പത്രവിതരണക്കാരും തെരുവുനായകളെ ഭയക്കുകയാണെന്ന് കൂറ്റനാട്ടെ രവി കുന്നത്ത് പറയുന്നു. മാലിന്യം പ്രധാനപ്രശ്നം

നിയമങ്ങൾ എത്ര കർശനമാക്കിയാലും പാതയോരത്തും പൊതുസ്ഥലത്തും മാലിന്യങ്ങൾ തള്ളുന്ന പതിവ് പൂർണമായും അവസാനിക്കുന്നില്ല. പ്ലാസ്റ്റിക്മാലിന്യങ്ങൾ തള്ളാൻ മിക്ക വഴിയോരങ്ങളിലും ബോട്ടിലുകൾ ഉണ്ട്. ശിക്ഷാനടപടികളുണ്ടായിട്ടും ഇപ്പോഴും റോഡരികിലും പൊതുസ്ഥലത്തും മാലിന്യം തള്ളുകയാണ്. ഇതു തിന്നാനായി തെരുവുനായകളെത്തുകയാണ്.

അതേസമയം, തൃത്താല മേഖലയിൽ തെരുവുനായകളുടെ എണ്ണം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ ത്രിതല പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർക്കു പരാതിയുണ്ട്.

1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, ജൂലൈ 10 3:22 PM

    സംസ്കാരം അങ്ങിനെ അവർക്ക് സ്വൈര്യ വിഹാരം നടത്താൻ തക്കവണ്ണം ആക്കി തീർത്തിട്ട് ഇതെല്ലാം പറയുന്നതിൽ എന്ത് കാര്യം!!!

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം