ട്രയൽ റൺ പൂർത്തിയായി; സമഗ്ര കുടിവെള്ള പദ്ധതികളുടെ നിർമാണം അവസാനഘട്ടത്തിൽ

 
പട്ടാമ്പി മണ്ഡലത്തിലെ മൂന്ന്‌ സമഗ്ര കുടിവെള്ള പദ്ധതികളുടെ നിർമാണം 80 ശതമാനത്തിലധികം പൂർത്തിയായതായി മാഞ്ഞാമ്പ്രയിലെ പ്ലാന്റ്‌ സന്ദർശിച്ച മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി 2016നുശേഷം സംസ്ഥാന സർക്കാർ അനുവദിച്ചതാണ്‌ പദ്ധതികൾ.

തിരുവേഗപ്പുറ–- മുതുതല–- പരുതൂർ പദ്ധതിയുടെ അവസാനഘട്ട പ്രവൃത്തി വിലയിരുത്താൻ എത്തിയതാണ്‌ എംഎൽഎ. പട്ടാമ്പി മണ്ഡലത്തിലെ മുതുതല, തിരുവേഗപ്പുറ പഞ്ചായത്തുകളിലും, തൃത്താല മണ്ഡലത്തിലെ പരുതൂർ പഞ്ചായത്തിലുമുള്ള കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ട്രയൽ റൺ പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ 115 കോടി 19 ലക്ഷം രൂപയാണ് അനുവദിച്ചത്. മൂന്നുഘട്ടമായി നടക്കുന്ന ശുദ്ധീകരണ പ്രക്രിയക്കുശേഷമാണ് കുടിവെള്ള വിതരണം. 16 ദശലക്ഷം സംഭരണശേഷിയുള്ള ജലശുദ്ധീകരണ ശാലയാണ് പദ്ധതിയുടെ ഭാഗമായുള്ളത്. 47 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും ഇതിനുണ്ട്.

ജൽജീവൻ മിഷന്റെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിന്‌ മൂന്നുകോടി രൂപവീതം മുതുതല, തിരുവേഗപ്പുറ പഞ്ചായത്തുകൾക്ക് അനുവദിച്ചിട്ടുണ്ട്. മുതുതല പഞ്ചായത്തിൽ 145.5 കിലോമീറ്റർ വിതരണ ശൃംഖല പൂർത്തിയാക്കി 4,513 കണക്ഷനും തിരുവേഗപ്പുറയിൽ 147.5 കിലോമീറ്റർ വിതരണ ശൃംഖലയിൽ 3,302 കണക്ഷൻ നൽകി. നേരത്തേ വിളയൂർ - കൊപ്പം സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയാക്കിയിരുന്നു. മറ്റൊരു പദ്ധതിയായ ഓങ്ങല്ലൂർ –- വല്ലപ്പുഴ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തികൾകൂടി പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കും. ജലജീവൻ മിഷൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം