ഒരാഴ്ച കൂടി നോക്കും, ബ്ലോക്ക് തുടർന്നാൽ ഇനി ടോളുമില്ല; കർശന നിലപാടുമായി ഹൈക്കോടതി

കൊച്ചി: ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്‌ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കുമെന്ന് ഹൈക്കോടതി. അടിപ്പാതയുടെ നിർമാണമടക്കം നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി കർശനനിലപാട് സ്വീകരിച്ചത്.

ഒരാഴ്ചയ്ക്കകം പ്രശ്നത്തിന് പരിഹാരംകാണുമെന്ന് ദേശീയപാതാ അതോറിറ്റിക്കായി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഉറപ്പുനൽകി. ഗതാഗതക്കുരുക്ക് രൂക്ഷമായ പാതയിൽ ടോൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ഒരാഴ്‌ചയ്ക്കുള്ളിൽ പ്രശ്ന‌പരിഹാരമുണ്ടായില്ലെങ്കിൽ ടോൾപിരിവ് നിർത്തിവെയ്ക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ദേശീയപാതാ അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്‌തു. നിലവിൽ 4.8 കിലോമീറ്ററിലേ പ്രശ്‌നങ്ങളുള്ളൂവെന്നും ശേഷിക്കുന്ന 65 കിലോമീറ്ററിൽ തടസ്സങ്ങളില്ലെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ വാദിച്ചു. ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാരിനെ ഉൾപ്പെടുത്തി യോഗംചേരുമെന്നും അറിയിച്ചു. വിഷയം ജൂലായ് 16-ന് വീണ്ടും പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം