പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനയ്ക്ക് വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനായി സ്വന്തം വാഹനം. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.5 ലക്ഷം രൂപയോളം ചിലവഴിച്ചാണ് വാഹനം വാങ്ങിയത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ നിര്‍വഹിച്ചു. ഇതോടെ ഹരിത കര്‍മ്മ സേനയ്ക്ക് സ്വന്തം വാഹനമെന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്.
ഇതുവരെ വാടകക്ക് വാഹനം എടുത്താണ് ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നത്. വര്‍ഷത്തില്‍ ഭീമമായ തുകയാണ് വാഹനത്തിന് വാടക നല്‍കാനായി ഗ്രാമപഞ്ചായത്ത് ചിലവഴിച്ചിരുന്നത്. സ്വന്തമായി വാഹനമായതോടെ ഇതിനൊരു പരിഹാരമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മാലിന്യങ്ങള്‍ വഴിയരികില്‍ ചാക്ക് കെട്ടുകളായി കൂടുതല്‍ ദിവസം ഇരിക്കാതെ വേഗത്തില്‍ എം.സി.എഫിലേക്കും എത്തിക്കാന്‍ കഴിയുമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
പ്രതിമാസം 50,000 കിലോ മാലിന്യമാണ് ഗ്രാമപഞ്ചായത്ത് ഗ്രീന്‍ വോമ്സിന് നല്‍കുന്നത്. മാലിന്യ സംസ്‌കരണത്തിന് ഗ്രാമപഞ്ചായത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഓരോ വാര്‍ഡിലും മാലിന്യങ്ങള്‍ ശേഖരിക്കായി മിനി എംസിഎഫുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് വഴി പൊതുയിടങ്ങളില്‍ മാലിന്യങ്ങളില്‍ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
പരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിത ദാസ് അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ഹസന്‍, വാര്‍ഡ് അംഗങ്ങളായ എ.കെ.എം അലി, പി.രമണി , അനിത രാമചന്ദ്രന്‍, രജനി ചന്ദ്രന്‍, മിനിമോള്‍, എം.പി ഉമ്മര്‍, അസിസ്റ്റന്റ് സെക്രട്ടറി സാബു എച്ച്.ഐ ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെ ആദരിച്ചു.