അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം.
വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന.വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതയാണ് ചിത്രങ്ങളിൽ വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.