സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയ്ക്ക് തുടക്കമാകുന്നു

തൃത്താല നിയോജക മണ്ഡലത്തിൽ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ സമഗ്ര ആരോഗ്യ പദ്ധതിയായ'അൻപോടെ തൃത്താലയ്ക്ക് തുടക്കമാകുന്നു. സാമ്പത്തികമായി വളരെയേറെ പിന്നോക്കം നിൽക്കുന്നവരും ചികിത്സക്കും മരുന്നിനുമായി പ്രയാസമനുഭവിക്കുന്നവരുമായ വ്യക്തികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അർഹരായ വീടുകളിൽ സന്ദർശനം നടത്തി കണ്ടെത്തുകയും മാരകമായ അസുഖങ്ങളാൽ കഷ്ടത അനുവഭവിക്കുന്നവർക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്ന ഒരു സമഗ്ര ആരോഗ്യപദ്ധതിയാണ് അൻപോടെ തൃത്താല .

പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിനായി തദ്ദേശസ്വയം ഭരണ എക്സൈസ് _പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. നിസ്സഹായരും നിരാലംബരും രോഗപീഡകളാൽ വലയുന്നവരുമായ പാവപ്പെട്ട മനുഷ്യരുടെ ചികിത്സയ്ക്ക് ഒരു കൈത്താങ്ങാവുകയാണ് അൻപോടെ തൃത്താല പദ്ധതി.സർക്കാർ സഹായങ്ങൾക്കപ്പുറത്തേക്ക് തൃത്താലയിലെ സമാന മനസ്കരുമായും സുമനസ്സുകളുമായും കൈകോർത്താണ്'അൻപോടെ തൃത്താല ' നടപ്പാക്കുന്നത്.

ഏതാണ്ട് 2500 ഓളം ആളുകളാണ് കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സ ധന സഹായത്തിന് തൃത്താലയിൽ നിന്ന് മാത്രം അപേക്ഷിച്ചത്.ക്യാൻസർ, വൃക്ക, കരൾ ഹൃദയം എന്നിവ സംബന്ധിച്ച രോഗങ്ങൾക്ക് ജനറിക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യം. ജനറിക് മരുന്നുകൾ മാത്രമാണ് നൽകുക.

പൂർണ്ണമായും ജനകീയമായാണ് ഇതിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നത്. സുമനസുകളായ അയ്യായിരം പേരിൽ നിന്ന് പ്രതിമാസം 100 രൂപ വീതം സമാഹരിച്ചാണ് ഇതിന്റെ ചെലവ് കണ്ടെത്താൻ ഉദ്ദേശിച്ചിട്ടുള്ളത്. ഒരു വിദഗ്ദ മെഡിക്കൽ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയിലൂടെയാകും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുക. 

ഞായറാഴ്ചകളിൽ സൗജന്യ പരിശോധന നടത്തുന്ന സൺ‌ഡേ ക്ലിനിക്, 24 മണിക്കൂറും സേവനം നടത്തുന്ന ആംബുലൻസ് സർവ്വീസ് ജനങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുന്ന ഹാപ്പിനെസ്സ് പ്രോഗ്രാം എന്നിവ കൂടി ഭാവിയിൽ ഇതിന്റെ ഭാഗമായി വികസിപ്പിക്കാനും ആലോചനയുണ്ട്. 

നാഗലശ്ശേരി സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി ബാലചന്ദ്രൻ അധ്യക്ഷനായി.അൻപോടെ തൃത്താല പ്രസിഡൻ്റ് ഡോ. ഇ സുഷമ പദ്ധതി വിശദീകരിച്ചു .അൻപോടെ തൃത്താല സെക്രട്ടറി അഡ്വ. എപി സുനിൽ ഖാദർ, വി പി ഷാനിബ ടീച്ചർ, ടി പി മുഹമ്മദ് മാഷ്,രാമദാസ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം