2025 ജനുവരി 1 മുതല്‍ 30 വരെയുള്ള കാലയളവില്‍ 99 ലക്ഷം ഇന്ത്യന്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള പണം തട്ടല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുക, എന്നിവയുടെ ഭാഗമായിട്ടായിരുന്നു നടപടിയെന്നും വാട്‌സ് ആപ്പ് അറിയിച്ചു. വാട്‌സ്ആപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെടുന്ന എല്ലാ അക്കൗണ്ടുകളും തുടര്‍ന്നും നിരോധിക്കുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.
99,67,000 അക്കൗണ്ടുകളാണ് ജനുവരിയില്‍ ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിരോധിച്ചത്. അതില്‍ 13,27,000 അക്കൗണ്ടുകള്‍ യൂസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പായി തന്നെ നിരോധിച്ചു. അക്കൗണ്ട് ദുരുപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
മൂന്നുഘട്ടങ്ങളായിട്ടാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിക്കുന്നത്. സംശയകരമായി തോന്നുന്ന അക്കൗണ്ടുകള്‍ ആരംഭിക്കുന്ന സമയത്തുതന്നെ ഫ്‌ളാഗ്-ബ്ലോക്ക് ചെയ്യും. വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് സിസ്റ്റം അക്കൗണ്ടിന്റെ സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്പാം അല്ലെങ്കില്‍ കൂട്ടത്തോടെയുള്ള മെസേജിങ് എന്നിവ. ഇത് ശ്രദ്ധയില്‍ പെട്ടാലും അക്കൗണ്ട് നിരോധിക്കും. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപദ്രവകരമായ,നിയമലംഘനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളും നിരോധിക്കും. പരിശോധിച്ച ശേഷം മാത്രമായിരിക്കും നടപടി.
Tags
സാങ്കേതികം