ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശ്വരൂപം പുറത്തെടുത്ത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. നാലാം ടി20യില്‍ ഇന്ത്യയുടെ ഓപണറായി ഇറങ്ങിയ സഞ്ജു സെഞ്ച്വറിയും കടന്ന് മുന്നേറുകയാണ്. ഒരു സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഡക്കായി നിരാശപ്പെടുത്തിയതിന് പിന്നാലെ വീണ്ടും വെടിക്കെട്ട് ഫോമിലേക്കുയര്‍ന്നിരിക്കുകയാണ് സഞ്ജു.
28 പന്തില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ച്വറി തികച്ച സഞ്ജു 51 പന്തിലാണ് ദക്ഷിണാഫ്രിക്കൻ മണ്ണിലെ രണ്ടാം ശതകം തികച്ചത്. ആറ് ബൗണ്ടറിയും എട്ട് സിക്സുമാണ് സഞ്ജുവിൻ്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്. സഞ്ജുവിന്റെ സഹഓപണര്‍ അഭിഷേക് ശര്‍മ 36 റണ്‍സ് എടുത്ത് പുറത്തായി. 18 പന്തുകള്‍ നേരിട്ട അഭിഷേക് നാല് സിക്സറും രണ്ട് ബൗണ്ടറിയും പായിച്ചു. സഞ്ജുവിനൊപ്പം തിലക് വര്‍മയും വെടിക്കെട്ട് സെഞ്ച്വറിയുമായി ബാറ്റിങ്ങ് തുടരുകയാണ്.
ജൊഹാനസ്ബര്‍ഗിലെ വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. നാലാം ടി20യും വിജയിച്ച് പരമ്പര 3-1ന് പിടിച്ചെടുക്കുകയെന്നതാണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതേസമയം നാലാം ടി20യില്‍ വിജയിച്ച് സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയില്‍ സമനില പിടിക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇറങ്ങുന്നത്.