പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും പാലക്കാട് ജില്ലയിൽ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു . കോൺഗ്രസിൽ നിന്നും വന്ന ആളെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. കോൺഗ്രസിൽ നിന്നും വന്ന ഒരാളെ പാലക്കാട് മത്സരിപ്പിച്ച് സീറ്റ് നേടാനാണ് മണ്ഡലത്തിലെ സിപിഎം ശ്രമിക്കുന്നത്.
എന്നാൽ ഇതേ ജില്ലയിൽ കോൺഗ്രസിൽ നിന്നും വന്ന മറ്റൊരാളെ ലോക്കൽ സെക്രട്ടറി ആക്കിയതിന്‍റെ പേരിൽ തർക്കം നടക്കുകയാണ്. ജനുവരിയിൽ നടന്ന ലോക്കൽ കമ്മിറ്റി വിഭജനത്തിൽ അടുത്തിടെ കോൺഗ്രസിൽ നിന്നു വന്ന എൻ.എം അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
പാർട്ടി ചട്ടം മറികടന്നായിരുന്നു ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി ആക്കിയത് .ഇതോടെ ഭിന്നത രൂപപ്പെട്ടു . ഈ തർക്കത്തിന്‍റെ ഭാഗമായാണ് വിമതവിഭാഗം പ്രവർത്തക കൺവെൻഷൻ നടത്തിയത്.
ഔദ്യോഗിക നേതൃത്വവും ചൊവ്വാഴ്ച പൊതുസമ്മേളനം നിശ്ചയിച്ചിരുന്നു. ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. ഇതിന് സമാന്തരമായാണ് പ്രവർത്തക കൺവെൻഷൻ നടന്നത്. രണ്ട് പരിപാടിയുടെയും ഫ്ലക്സ് ബോർഡുകൾ കൊഴിഞ്ഞാമ്പാറയിൽ ഉയർന്നിരുന്നു.