കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെഅവധി പ്രഖ്യാപിച്ചു. കളക്ടർ എൻഎസ്കെ ഉമേഷ് ആണ് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കാസർഗോഡ് ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 4, 2023 ചൊവ്വാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു.അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കൊളജുകൾക്ക് നാളത്തെ അവധി ബാധകമല്ല.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കണ്ടോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏഴ് ജില്ലകളിൽ ദേശിയ ദുരന്ത പ്രതികരണ സേന സജ്ജമാണ്. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നി ജില്ലകളിലാണ് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയെ സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.