'ബിജെപി തോറ്റാൽ യുപി കേരളമാകും’; കേരളത്തെ അവഹേളിച്ച് യോഗി ആദിത്യനാഥ്, ചുട്ട മറുപടിയുമായി പിണറായി വിജയനും ശശി തരൂരും

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് എംപി ശശി തരൂരും രംഗത്ത്. യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

യു.പി കേരളമായാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകും, കാശ്മീരായാല്‍ പ്രകൃതി ഭംഗിയുണ്ടാകും, ബംഗാളായാല്‍ മികച്ച സംസ്‌കാരവുമുണ്ടാകും എന്ന് ട്വിറ്ററില്‍ കുറിച്ചുകൊണ്ടാണ് തരൂര്‍ യോഗിക്ക് മറുപടി നല്‍കിയത്. (shashi tharoor)

ഉത്തര്‍പ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി യോഗി നേരത്തേ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യു.പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താന്‍ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നുമാണ് രാവിലെ യോഗി പറഞ്ഞത്. ഇതിന് പിന്നാലെ കേരളത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ നിരവധി പേര്‍ യോഗിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കേരളത്തിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ആദ്യം രംഗത്തെത്തിയത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്താണ്. ഉത്തര്‍പ്രദേശ് കേരളത്തെ പോലെയാകുന്നതാണ് നല്ലതെന്ന് രാകേഷ് ടികായത് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും കേരളത്തിനൊപ്പം എത്താന്‍ സാധിക്കുമല്ലോയെന്നും അദ്ദേഹം യോഗിയെ പരിഹസിച്ചു.

പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലെ അന്‍പത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ഒമ്പത് മന്ത്രിമാരടക്കം 615 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 53 സീറ്റുകളും സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും രണ്ട് വീതവും, ആര്‍.എല്‍.ഡി ഒരു സീറ്റും നേടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം