ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ഫെബ്രുവരി 27 ഞായറാഴ്ച്ച നടക്കും.
പാലക്കാട് തൃശൂര്‍ മലപ്പുറം ജില്ലകളുടെ സംഗമ ഭൂമിയായ ഇവിടെ 96 ദേശങ്ങളുടെ തട്ടകത്തമ്മയായ മുലയംപറമ്പത്ത് ക്ഷേത്രത്തിലെ പൂര മഹോല്‍സവം ഏറെ പ്രസിദ്ധമാണ്. പൂരത്തിന് വ്യാഴാഴ്ചയാണ് കൂറയിട്ടത്. ക്ഷേത്രത്തില്‍ എല്ലാ ദിവസവും വൈകീട്ട് ദീപാരാധനയ്ക്കുശേഷം പറയെടുപ്പ്. തുടര്‍ന്ന് കൂത്തു കെട്ടി മാട്ടം കയറലും നടക്കും. ബുധനാഴ്ച രാത്രി ഏഴാം കൂത്തിനോട് ചേര്‍ന്ന് ദേശ പറയെടുപ്പ് ഉണ്ടാകും.
ഞായറാഴ്ച ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കു ശേഷം ഉച്ചക്ക് ഒന്നിന് ദേവസ്വം പൂരം എഴുന്നെളിക്കും. പഞ്ചവാദ്യം അകമ്പടിയാകും. മൂന്ന് ജില്ലകളില്‍നിന്നായി വിവിധ പ്രാദേശിക ആഘോഷങ്ങള്‍ പൂരത്തിന് മാറ്റുകൂട്ടും.
കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂരത്തിന്റെ ഒരുക്കത്തിനായി ബുധനാഴ്ച വൈകീട്ട് ജന പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആര്യോഗ്യ വകുപ്പ് , പഞ്ചായത്ത് , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം ചേരും. എഴുന്നള്ളിപ്പുകള്‍, ഗജവീരന്‍മാരുടെ എണ്ണം എന്നിവയിലെല്ലാം യോഗത്തില്‍ തീരുമാനമുണ്ടാകും. പഴയ പൂരാവേശം തിരിച്ച് വരുന്നതിന്റെ ആവേശത്തിലാണ് ചാലിശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും പൂരപ്രേമികൾ .