Trending

ഇന്ധനം നിറക്കാൻ ഇനി കെ എസ് ആർ ടി സി പമ്പുകൾ

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് കെഎസ്ആർടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന്  നടപ്പിലാക്കുന്ന കെഎസ്ആർടിസി യാത്രാ ഫ്യുവൽസിന്റെ സംസ്ഥാന തല ഉ​ദ്ഘാടനം തിരുവനന്തപുരം  കിഴക്കേകോട്ടയിൽ വൈകിട്ട് 5 മണിക്ക്  ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വിൽപ്പന നിർവ്വഹിച്ചു. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിൽ ഔദ്യോ​ഗിക ലോ​ഗോ പ്രകാശനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാ​ഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലൈറ്റുകൾ ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ്‌ ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 8 പമ്പുകളാണ് ആരംഭിക്കുന്നത്. മറ്റ് ഏഴ് പമ്പുകൾ  നാളെ വൈകിട്ട് 5 മണിക്ക്  കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേർത്തലയിൽ  കൃഷി മന്ത്രി പി. പ്രസാദും, 17 ന് ചടയമംഗലത്ത് വൈകിട്ട് അ‍ഞ്ച് മണിക്ക് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30 മണിക്ക് മൂന്നാറിൽ മന്ത്രി റോഷി അ​ഗസ്റ്റിൻ, രാവിലെ 9 മണിക്ക് മൂവാറ്റുപുഴയിൽ മന്ത്രി പി. രാജീവ്, വൈകിട്ട് 4 മണിക്ക് ചാലക്കുടിയിൽ മന്ത്രി ആർ. ബിന്ദു, വൈകിട്ട് 5 മണിക്ക് കിളിമാനൂരിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരും പമ്പുകൾ  ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും. 

​കെ.എസ്.ആര്‍.ടി.സി. കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട്‌ നടപ്പിലാക്കുന്ന നൂതന സംരംഭമാണ്  'കെഎസ്ആർടിസി യാത്രാ ഫ്യൂവല്‍സ്'.  കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനികള്‍ മുഖാന്തിരമാണ് പദ്ധതി നിര്‍വ്വഹണം. തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്‌ലെറ്റു കളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ക്രമേണ ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിം​ഗ് സെന്റർ തുടങ്ങിയവും, 5 കിലോയുള്ള എൽപിജി സിലിണ്ടർ ആയ 'ചോട്ടു' തുടങ്ങിയവയും ഇവിടെ നിന്ന് ലഭിക്കും.  ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എഞ്ചിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും. കൂടാതെ 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര - മുചക്ര വാഹന ഉടമകൾക്കും, 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കും പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കാം. ക്യാമ്പയിനിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.  

സംസ്ഥാന തല ​ഉദ്ഘാടന ചടങ്ങില്‍  ശശി തരൂര്‍ എംപി,  മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ സിമി ജ്യോതിഷ്‌ എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു. ഡോ.ആര്‍.വേണുഗോപാല്‍, (ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവസ്), അമിതാഭ് അഖാരി, എക്‌സി.ഡയറക്ടര്‍ റീട്ടെയില്‍ സെയില്‍സ് - (സൗത്ത് & വെസ്റ്റ്) IOC, പി.എസ്.മണി, എക്‌സി.ഡയറക്ടര്‍ (ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബിസിനസ്സ്), IOC എന്നിവരും ചടങ്ങില്‍ സന്നിഹിതരായി. ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ IAS അതിഥികളെ സ്വാഗതം ചെയ്തു. ഐ.ഒ.സി-യുടെ ചീഫ് ജനറല്‍ മാനേജര്‍ വി.സി.അശോകന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം