വാഷിങ്ടൺ: തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 235 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ ഏകദേശം 4300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരോഗ്യ മന്ത്രി കാര്‍ലോസ് അല്‍വാരഡോയാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്.
റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള വടക്കന്‍ -മധ്യ വെനസ്വേലന്‍ നഗരങ്ങളെയാണ് ഭൂചലനം തകര്‍ത്തത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ബ്രസീല്‍, കാനഡ, മെക്‌സിക്കോ, കൊളംബിയ, എല്‍ സാല്‍വഡോര്‍, ക്യൂബ, തുടങ്ങിയ അമേരിക്കന്‍ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ദുരന്ത ഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാവിധ സഹായങ്ങളും എത്തിക്കുന്നുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഭരണകൂടം വെനസ്വേലയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളില്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു. ദുരന്തബാധിതര്‍ക്ക് ആവശ്യമായ മരുന്നുകള്‍, അടിയന്തര രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ തടസ്സമില്ലാതെ എത്തിക്കുന്നതിനാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. നിലവില്‍ സൈന്യവും സന്നദ്ധ സംഘടനകളും രാജ്യാന്തര റെഡ് ക്രോസും സംയുക്തമായാണ് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി 150 മില്യൺ ഡോളർ അടിയന്തര സഹായമായി നൽകുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
തുടര്‍ച്ചയായുണ്ടായ ഭൂകമ്പങ്ങള്‍ കാരക്കാസില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ട്. വന്‍ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചത്.
