മലപ്പുറം: യുഡിഎഫിനും ജമാ അത്തെ ഇസ്‌ലാമിക്കുമെതിരെ വിമർശനവുമായി സിപിഐഎം നേതാവ് എം സ്വാരാജ്. നില തെറ്റിയ രാഷ്ടീയവുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്ന് സ്വരാജ് പറഞ്ഞു. ജമാ അത്തെ ഇസ്‌ലാമി യുഡിഎഫിന്റെ മൂന്നാമത്തെ ഘടകകക്ഷിയായാണ് ഇപ്പോൾ രംഗത്തുള്ളത്. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നേതൃത്വമായി ജമാ അത്തെ ഇസ്‌ലാമി മാറി. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ നിർണയിക്കുന്ന ശക്തിയായി ജമാഅത്തെ ഇസ്‌ലാമി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ജോൺ ബ്രിട്ടാസിനെതിരായ ആരോപണത്തിനു പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണ്. മതേതര നിലപാടുള്ളവരെ ആർഎസ്എസ് ചാപ്പ കുത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പീഡന പരാതികൾ ഉയർന്നു വരുമ്പോൾ അപ്പോൾ തന്നെ നടപടിയെടുക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്ന് സ്വരാജ് പറഞ്ഞു. കേസുകളിൽ പ്രതികളായ ജനപ്രതിനിധികളും ജയിലിൽ കിടന്നിട്ടുള്ളവരും ഒരു നടപടിക്കും വിധേയരാകാതെ കോൺഗ്രസിൽ തുടരുകയാണ്. രാഹുൽ വിഷയത്തിൽ മാത്രം ഇങ്ങനെയൊരു നടപടി എടുക്കേണ്ടി വന്നത് എന്തുകൊണ്ടെന്ന് കോൺഗ്രസാണ് പറയേണ്ടതെന്നും സ്വരാജ് പറഞ്ഞു.
