
ചാലിശ്ശേരി സെൻ്ററിൽ ഇന്നലെ രാത്രി നാല് കടകൾ കത്തി നശിച്ച സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പരിസരം സന്ദർശിച്ചു. പ്രധാനമായും നാശം നേരിട്ട ടി.വി ഇക്ബാലിൻ്റെ മൻഹാസ് ഫേൻസി, സന്ദീപിൻ്റെ സി.കെ ജ്വല്ലറി വർക്സ്, കൂടാതെ മൊബൈൽ സർവീസ് ഷോപ്പ്, ലോട്ടറിക്കട എന്നിവയാണ് വ്യാപാരി നേതാക്കൾ സന്ദർശിച്ചത്.
വ്യാപാരികൾക്ക് മാത്രം മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. കെട്ടിട ഉടമയുടെ നഷ്ടം വേറെയുമുണ്ട്. കടയുടമകൾ രാത്രി സ്ഥാപനം പൂട്ടിപ്പോയതിന് ശേഷമാണ് തീപ്പിടുത്തമുണ്ടായത്. പട്ടാമ്പി, കുന്ദംകുളം അഗ്നിശമന സേനയും ചാലിശ്ശേരി പോലീസും നാട്ടുകാരും ഓടിയെത്തിയാണ് കൂടുതൽ കടകളിലേക്ക് പടരും മുമ്പ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
നാശനഷ്ടം സംഭവിച്ച സ്ഥാപനങ്ങളെ മറ്റൊരിടത്തേക്ക് പുനരധിവാസ പ്രവർത്തികൾ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ തൃത്താല ന്യൂസിനോട് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ, മറ്റു ഭാരവാഹികളായ ടി.പി ഷക്കീർ, കെ.ആർ ബാലൻ, ഷമീർ വൈക്കത്ത്, അഹമ്മദ് ഉണ്ണി, പി.ഐ ഷബീർ, ബിനോയ് ഡേവിഡ് എന്നിവരാണ് കടകൾ സന്ദർശിച്ചത്.

