'വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ ?' വഴിയരികില്‍ കാത്തു നിന്ന് രമേശ് ചെന്നിത്തല

കേരളത്തിന്റെ വിപ്ലവ സൂര്യന്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വിപ്ലവ നാടായ ആലപ്പുഴ ജില്ലയിലെത്തി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്തെത്തിയത്. 104 കിലോമീറ്റര്‍ ദൂരം ഏതാണ്ട് 18 മണിക്കൂറോളം കൊണ്ടാണ് പിന്നിട്ടത്. രാത്രിയെയും മഴയെയും അവഗണിച്ച് കൊല്ലത്തും ആലപ്പുഴയിലുമെല്ലാം സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയസഖാവിനെ അവസാനമായി ഒരു നോക്കു കാണാനും, അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി തടിച്ചു കൂടിയത്.

കണ്ണീര്‍ വാര്‍ത്തും മുദ്രാവാക്യം മുഴക്കിയും തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായിരുന്ന പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കുകയാണ് അണമുറിയാതെത്തുന്ന ജനസാഗരം. വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. മഴയെ പോലും അവഗണിച്ചാണ് ആളുകള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്.

ഹരിപ്പാട് വിഎസിനെ കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും വഴിയരികില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഹരിപ്പാടിലൂടെ വി എസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടേ എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. കുട്ടിക്കാലം മുതല്‍ നമ്മള്‍ കാണുന്ന നേതാവാണ് വി എസ്. ഞങ്ങള്‍ വ്യത്യസ്ത രാംഗത്താണെങ്കില്‍പ്പോലും വ്യക്തിപരമായ അടുപ്പമുണ്ട്. പുറമെ പരുക്കനാണെന്ന് തോന്നുമെങ്കിലും വളരെ ആര്‍ദ്രതയുള്ള ഒരു മനസ്സ് വിഎസ്സിന് ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഒറ്റയ്ക്ക് കാണുമ്പോഴെല്ലാം പഴയ കാര്യങ്ങള്‍, പുന്നപ്ര വയലാര്‍ സമരകഥകളൊക്കെ പറയുമായിരുന്നു. എപ്പോഴും പോരാട്ടവീര്യം നിറഞ്ഞ വ്യക്തിത്വമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി എപ്പോഴും ഇടപെട്ടു നിന്ന നേതാവാണ്. ആലപ്പുഴയുടെ കാര്യത്തില്‍ വി എസിന് വലിയ വികാരമുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തനമേഖല മാറുന്നത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. നമുക്കെല്ലാം വളരെ അടുപ്പമുള്ള നേതാവാണ് വി എസ് അച്യുതാനന്ദന്‍. എപ്പോഴും തന്നോട് വലിയ സ്‌നേഹവും താല്‍പ്പര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യയാത്ര വരുമ്പോള്‍ താന്‍ ഇവിടെ ഉണ്ടായിരിക്കേണ്ടെയെന്നും ചെന്നിത്തല ചോദിച്ചു.

1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, ജൂലൈ 23 1:29 PM

    ആദരാഞ്ജലികൾ അർപ്പിക്കാൻ കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാരും ഉണ്ടാവണം

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം