കവുക്കോട് മഹാദേവ ക്ഷേത്രമതിലിന് 18 നൂറ്റാണ്ടിൻ്റെ പഴക്കം; മതിൽ പൈതൃക സ്വത്തായി സംരക്ഷിക്കണമെന്ന് ആവശ്യം


ലേഖനം : സി. മൂസ പെരിങ്ങോട് 

കൂറ്റനാട്: കാണുന്നവരിൽ അത്ഭുതവും വിസ്മയവും തീർക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചാലിശ്ശേരി കവുക്കോട് ക്ഷേത്രമതിൽ ( പെതൃകമായി സംരക്ഷിക്കപ്പെടണമെന്ന് വിശ്വാസികളും ചരിത്രാന്വേഷികളും ആവശ്യപ്പെടുന്നു. 18 നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്ന ചാലിശ്ശേരി കവുക്കോട് മഹാദേവ ക്ഷേത്രത്തിൽ ആനപ്പള്ള മതിൽ എന്ന പേരിലറിയപ്പെടുന്ന ചെങ്കൽ നിർമ്മിതമായ ഭീമാകാരനായ ക്ഷേത്ര മതിൽ.

കൗതുകവും, അത്ഭുതവുമാണ്. ആനയുടെ ഉടലുപോലെ നടുഭാഗം പുറത്തേക്കു തള്ളിയും മേൽ ഭാഗവും താഴേയും വീതികുറച്ചും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മതിലിൻ്റെ നിർമ്മിതി ആരേയും അത്ഭുതപ്പെടുത്തും. നടുഭാഗത്തിന് ആറരയടി വീതിയുള്ളപ്പോൾ മുകൾവശവും താഴ്ഭാഗവും ശരാശരി മൂന്നടിയാണ് വീതി.

ക്ഷേത്രത്തിന് ചുറ്റുഭാഗത്തായി 400 അടിയോളമുണ്ടായിരുന്ന മതിൽ നിലവിൽ 150 അടിയാണ് അവശേഷിക്കുന്നത്. പുറംനാടുകളിൽ നിന്നു ൾപ്പെടെ നിരവധി ടൂറിസ്റ്റുകളെ പോലും ആകർഷിച്ചിരുന്ന ഈ ചെങ്കൽ നിർമ്മിതി പൈതൃകമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ക്ഷേത്ര ഊരാള കുടുംബാംഗങ്ങളായ പി. ശങ്കരൻ നമ്പുതിരി ,ജയൻ നമ്പൂതിരി ക്ഷേത്ര ജീവനക്കാരും പൊതു പ്രവർത്തകനുമായ പ്രദീപ് ചെറുവാശ്ശേരി എന്നിവർ പറയുന്നു.

ഖരൻ പ്രതിഷ്ഠിച്ച അമ്പലമാണെന്ന് ഐതിഹ്യം. ഖരക്കോട് പിന്നീട് കവുക്കോട് ആയതാണെന്നുമാണ് പഴമക്കാർ പറയുന്നത്. വലിപ്പം കൊണ്ടും നിർമ്മാണ കൗതുകം കൊണ്ടും കറുകപുത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥൻ ചുറ്റുമതിൽ എന്നിവയേക്കാൾ വലിപ്പമേറിയതും, പഴക്കമുള്ളതുമായ കല്ലുകളാണ് ഇവിടെ ഉപയോഗിച്ചു കാണുന്നതെന്ന് സമീപവാസിയും ക്ഷേത്ര കമ്മിറ്റി അംഗവുമായ കെ.രാധാകൃഷ്ണൻ പറയുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് ഭിന്നമായി ചെങ്കല്ലിൽ തീർത്ത ചിത്രകലകൾ പഴക്കമേറിയ മതിലിന് തിളക്കം വർദ്ധിപ്പിക്കുന്നു.

ശരാശരി 18 അടിയാണ് മതിലിൻ്റെ ഉയരം. സിമൻ്റോ, മണ്ണോ കുമ്മായമോ ഉപയോഗിക്കാതെ പ്രത്യേകരീതിയിൽ ക്രമപ്പെടുത്തി വെച്ച ചെങ്കല്ലുകളിൽ പക്ഷികൾക്കും മറ്റു ജീവികൾക്കും വിശ്രമിക്കാവുന്ന വിടവുകളും മതിലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

 ക്ഷേത്രത്തിന് ചുറ്റും പ്രകൃതി സ്നേഹികളും വിശ്വാസികളും ചേർന്ന് 2008 ൽ നട്ടുവളർത്തിയ നക്ഷത്രവനം മഹാദേവ ക്ഷേത്രത്തിലെ മറ്റൊരു ജനകീയ കാഴ്ചയാണ്. പരിസ്ഥിതി രംഗത്തും പൊതുരംഗത്തും പ്രവർത്തിക്കുന്ന അധ്യാപകരായ കെ.കെ. ബാലൻ, ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ, മുസ്തഫ പടിഞ്ഞാറങ്ങാടി തുടങ്ങിയവരെല്ലാം ക്ഷേത്രത്തിൽ നടന്ന നക്ഷത്രവനവൽക്കരണമെന്ന പരിസ്ഥിതി പ്രവർത്തനത്തിന് നേതൃത്വം നൽകിയവരാണ്. ക്ഷേത്ര കമ്മിറ്റി വൃക്ഷങ്ങളുടെ സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രക്കുളത്തിനും പ്രത്യേകതയുണ്ട്.

എൽ ( L ) മാതൃകയിലുള്ള ക്ഷേത്രക്കുളത്തിൽ ഇരു കടവുകളിൽ നിന്ന് പരസ്പരം കാണാതെ മുങ്ങികുളിക്കാനുള്ള സൗകര്യവും മറ്റ് ക്ഷേത്രക്കുളങ്ങൾക്കില്ലാത്ത പ്രത്യേകതയാണ്. മലബാർ ദേവസ്വം ബോർഡിൻ്റെ പരിധിയിലുള്ള ഈ ക്ഷേത്രത്തിൽ വടക്കുംകര മന, പാലക്കാട്ടിരിമന ,മൂത്തേടത്ത് മന, കുന്നത്ത് മന തുടങ്ങിയ 4 ഊരാള കുടുംബങ്ങളിലെ പാരമ്പര്യ ട്രസ്റ്റിമാരാണ് മുഖ്യ ചുമതല വഹിക്കുന്നത്. നാനാജാതി മതസ്ഥരും നാട്ടുകാരും ഏറെ ആദരവോടെ കാണുന്ന കവുക്കോട് മഹാദേവക്ഷേത്രത്തിലെ വലിയ മതിൽ പൈതൃകമായി സംരക്ഷിക്കപ്പെടണമെന്നാണ് വിശ്വാസികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം