തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മുൻകരുതലിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തൃശൂരിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ചക്രവാതചുഴിയും, കേരള–തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴ ശക്തമാകാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള-കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ലക്ഷദ്വീപ്, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
