തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിൽ കേസെടുത്ത് ശാസ്താംകോട്ട പൊലീസ്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. അതേസമയം, അപകട സാധ്യത സ്കൂളിനെ അറിയിച്ചിരുന്നുവെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. രണ്ട് ദിവസം മുൻപ് അധികൃതരോട് പറഞ്ഞിരുന്നുവെന്നും ഷോക്കേൽകാത്ത ലൈൻ വലിക്കാമെന്ന് അറിയിച്ചിരുന്നുവെന്നും കെഎസ്ഇബി പറഞ്ഞു. സ്കൂളിലെ സൈക്കിൾ ഷെഡിന് അനുമതി നൽകിയിരുന്നില്ലെന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും വ്യക്തമാക്കുന്നു.
ഇന്ന് രാവിലെയാണ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകി.
വിദ്യാർത്ഥിയുടെ മരണത്തിൽ രൂക്ഷ വിമർശനമാണ് വിദ്യാഭ്യാസ മന്ത്രി ഉന്നയിച്ചത്. പ്രിൻസിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണിയെന്നും സംസ്ഥാനത്തെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്ക് ശ്രദ്ധിക്കാൻ സാധിക്കില്ലല്ലോയെന്നും മന്ത്രി ചോദിച്ചു. ഉച്ചയ്ക്ക് ശേഷം സംഭവസ്ഥലത്തേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു.
'വേനലവധി കഴിയുമ്പോൾ തന്നെ സ്‌കൂൾ അധികൃതർ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് യോഗം ചേർന്ന് അറിയിച്ചതാണ്. അതിൽ പ്രധാനപ്പെട്ടതാണ് സ്‌കൂൾ കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി നീക്കം ചെയ്യൽ. സ്‌കൂളിന് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് കിട്ടിയതിൽ പരിശോധന നടത്തും. അധ്യാപകരും ഹെഡ്മിസ്ട്രസും മറ്റ് അധികാരികളും എല്ലാ ദിവസവും സ്‌കൂളിന്റെ മുകളിലൂടെ ലൈൻ കടന്നുപോകുന്നത് കാണുന്നില്ലേ', മന്ത്രി പറഞ്ഞു. പ്രിൻസിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണി? ഇതൊക്കെ ശ്രദ്ധിക്കണ്ടേ. 14000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്ക് ശ്രദ്ധിക്കാൻ സാധിക്കില്ലേല്ലോ. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു മകനാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു.