വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

ഇടുക്കി: തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി. കേസെടുക്കാന്‍ തൊടുപുഴ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം.

കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്നതടക്കമുള്ള പരാമർശങ്ങളായിരുന്നു പി സി ജോർജ് നടത്തിയത്. മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം മുസ്‌ലിം സമൂഹം കൂടി പരിശോധിക്കണം. രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട. ഇതിന്റെ പേരില്‍ വേണമെങ്കില്‍ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ എടുക്കാം. തനിക്ക് പ്രശ്‌നമില്ല. കോടതിയില്‍ തീര്‍ത്തോളാമെന്നും പി സി ജോർജ് പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് ടി അനീഷ് കാട്ടാക്കട നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. സമാന പരാമര്‍ശങ്ങള്‍ നടത്തിയതിന് പി സി ജോര്‍ജിനെതിരെ നേരത്തെ കേസെടുത്തതാണെന്നും കൃത്യമായ ശിക്ഷ നല്‍കാത്തതുകൊണ്ടാണ് പി സി ജോര്‍ജ് വീണ്ടും തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും അനീഷ് കാട്ടാക്കട നല്‍കിയ പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പി സി ജോര്‍ജ് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹനല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. 'മുപ്പതുവര്‍ഷത്തോളം എംഎല്‍എയായിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാക്കുന്ന പി സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ നേതാവ് സമൂഹത്തിന് റോള്‍ മോഡലാകണം. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. മതത്തിന്റെയും ജാതിയുടെയും പേരിലുളള വിദ്വേഷപ്രസ്താവന മുളയിലേ നുളളണം' എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം